Tuesday, May 24, 2011

എന്‌റെ സമുദായ ചിന്ത


എല്‍ പി സ്കൂളില്‍ പഠിക്കുമ്പൊ റ്റീച്ചറാണ്‌ ആദ്യമായി എന്‌റെ ജാതി ചോദിച്ചത്‌. എന്തോ പ്രത്യേക ആവശ്യത്തിനായിരുന്നു പോലും. വീട്ടില്‍ ചോദിച്ചിട്ട്‌ പറയാമെന്ന്‌ പറഞ്ഞു.

വീട്ടിലാണെങ്കില്‍ മൊത്തം കമ്മ്യൂണിസ്റ്റുകാര്‍..വളരെ നിഷ്കളങ്കമായി എന്‌റെ ജാതി ഏതെന്നു അന്വേഷിച്ചു. 'നമുക്ക്‌ അങ്ങനെയൊന്നില്ല' എന്ന്‌ അച്ഛമ്മ..ഇത്ര ചെറുപ്പത്തില്‍ പഠിച്ചുകൂടാത്ത കാര്യങ്ങളുടെ ഒരു നീണ്ട ലിസ്റ്റ്‌ തയ്യാറാക്കി, അമ്മ. പക്ഷെ ഇതൊക്കെ സ്കൂളില്‍ പോയി പറയാന്‍ പറ്റില്ലല്ലൊ?

ഒടുവില്‍ , എന്‌റെ ധര്‍മ്മസങ്കടം മനസ്സിലാക്കി അച്ഛന്‍ സഹായിക്കാന്‍ വന്നു.നമ്മള്‍ തണ്ടാന്‍മാരാണെന്ന്‌ പറഞ്ഞു. അങ്ങിനെയെങ്കില്‍ എന്തു കൊണ്ടാണു നാം അത്‌ പറഞ്ഞ്കൂടാത്തതെന്ന്‌ ഞാന്‍ ചോദിച്ചു. അത്‌ വഴിയെ മനസ്സിലാവുമെന്നായി അച്ഛന്‍.

എന്‌റെ അന്വേഷണം അവസാനിച്ചില്ല. വകയില്‍ ഒരു വലിയച്ഛന്‍ (കമ്മ്യൂണിസ്റ്റല്ല) പിന്നീട്‌ എനിക്ക്‌ പറഞ്ഞുതന്നത്‌ അപ്രകാരമുള്ള ഒരു ജാതിയില്‍ ജനിച്ചതിന്‌റെ പേരില്‍ അഭിമാനിക്കണമെന്നാണ്‌. മേമ്പൊടിയായി നൂറ്റാണ്ട്‌ മുന്‍പുള്ള തണ്ടാന്‍മാര്‍ കൊന്നതും കൊലവിളിച്ചതുമായ ഗംഭീര കഥകള്‍ പറഞ്ഞുതന്നു.

അരയില്‍ നിന്ന്‌ മടവാള്‍ മാറ്റാത്തവര്‍,
സൂര്യനു മുന്‍പ്‌ ഉണര്‍ന്ന്‌ നാട്ടിലെ പനകളായ പനകളെല്ലാം കയറി കള്ളു ചെത്തുന്നവര്‍...
നാട്ടുവൈദ്യം അറിയുന്നവര്‍....ചുരുക്കത്തില്‍ ഞാനങ്ങു പൊങ്ങി..

പിറ്റേന്ന്‌ സ്കൂളില്‍ ചെന്നു. റ്റീച്ചറായിട്ട്‌ ഇങ്ങോട്ടു ചോദിക്കാന്‍ നില്‍ക്കുന്നതിന്‌ മുന്‍പേ അങ്ങോട്ടൂ കയറി കാച്ചി. "റ്റീച്ചറേ,,ഞാന്‍ തണ്ടാനാണ്‌"

ഞാന്‍ അദ്ഭുതപ്പെട്ടു.

റ്റീചറുടെയൊ,സഹപാഠികളുടെയോ മുഖത്ത്‌ ഞാന്‍ പ്രതീക്ഷിച്ച ഒരു ..ബഹുമാനം കാണാനില്ല..!!

ഞാന്‍ പറഞ്ഞതു കേട്ടില്ലായിരിക്കും. ഒന്ന്‌ കൂടെ ഉറക്കെ പറഞ്ഞു. "റ്റീച്ചറേ..ഞാന്‍... "

"കേട്ടെടാ മരക്കഴുതേ..ഒരിക്കെ പറഞ്ഞാ പോരേ? എന്തിനാ ഇങ്ങനെ കിടന്ന്‌' അലറണേ?"..

സിംഹിണിക്ക്‌ മാത്രമേ സ്ക്കൂളില്‍ അലറാനവകാശമുള്ളൂ. കുട്ടികള്‍ കൂട്ടച്ചിരിയായി. നമ്മള്‍ ഇളിഭ്യനായി .

അന്ന്‌ വൈകീട്ട്‌ ഞാന്‍ അച്ഛനോട്‌ പറഞ്ഞു,"മനസ്സിലായി, എന്ത്‌ കൊണ്ടാണ്‌ നമ്മളത്‌' പറഞ്ഞുകൂടാത്തതെന്ന്‌".


പിന്നീട്‌ രണ്ട്‌ മൂന്ന്‌ തവണ കൂടി ജാതിബോധം എന്നെ കലശലായി ആക്രമിച്ചിട്ടുണ്ട്‌.

യു പി സ്കൂളില്‍ പഠിക്കുമ്പൊ,കൂടെയുള്ളവരെല്ലാം സ്വന്തം ജാതിയെപ്പറ്റി അഭിമാനത്തോടെ സംസാരിക്കാന്‍ തുടങ്ങി. അവരുടെയിടയില്‍ പിടിച്ചുനില്‍ക്കാന്‍ പണ്ട്‌ വലിയച്ഛന്‍ പറഞ്ഞു തന്ന കഥകള്‍ തന്നെ വേണ്ടി വന്നു. ചെക്കന്‍മാര്‍ക്ക്‌ എന്നെ പേടിയായിത്തുടങ്ങി. എന്‌റെ മടവാള്‍ ഒന്ന്‌ കാണാന്‍ കൊതിച്ചവര്‍ വരെ അക്കൂട്ടത്തിലുണ്ട്‌ .

പിന്നീട്‌, ക്ളാസ്സിലെ സുന്ദരി നമ്മുടെ റ്റീമല്ലെന്ന്‌ അറിയും വരെ ,ഞാന്‍ ഒരു ഉജ്ജ്വല തണ്ടാനായി വിലസി.

പ്രീ ഡിഗ്രിയുടെ അവസാന കാലത്താണ്‌ എന്‌റെ നാട്ടില്‍ സമുദായ നേതാക്കള്‍ ചേര്‍ന്ന്‌ സമുദായ സഖ്യം രൂപീകരിച്ചത്‌. ഡോ. ബി ആര്‍ അംബേദ്കറുടെ പടം കാണിച്ച്‌,"അദ്ദെഹം നമുക്കു വേണ്ടി പൊരുതിയ ആളാണെന്ന്‌" പറഞ്ഞ്‌ എന്നെയും കൊണ്ട്‌ പോയി. അവകാശങ്ങള്‍ക്ക്‌ വേണ്ടിയുള്ള പോരാട്ടം, പ്രായോഗികത, ചൂഷണം തുടങ്ങിയ വാക്കുകള്‍ കേട്ടാല്‍ എനിക്കു പിന്നെ ആവേശം കുറച്ചൊന്നുമല്ല.

കൊടുങ്കാറ്റു പോലെയാണ്‌ അവിടെ സമുദായ സഖ്യം വളര്‍ന്നത്‌. പക്ഷെ ആ കൊടുങ്കാറ്റിലും, യതൊരു ചാഞ്ചാട്ടവുമില്ലാതെ എന്‌റെ വീട്‌ മാത്രം കമ്മ്യൂണിസ്റ്റായി നിന്നു. ആ വീട്ടില്‍ നിന്ന്‌ സമുദായ സഖ്യതിന്‌ ഒരാളെ മാത്രമേ കിട്ടിയുള്ളൂ..ഈ എന്നെ.

സഖ്യത്തിണ്റ്റെ മീറ്റിംഗില്‍ കൂട്ടത്തില്‍ ഏറ്റവും വിദ്യാസമ്പന്നനെന്ന പരിഗണന എനിക്കു കിട്ടിയിരുന്നു. പക്ഷെ അതല്ല എന്നെ അതിന്‌റെ അനുഭാവിയാക്കിയത്‌.

സംഘടന മുന്നോട്ടു വയ്ക്കുന്ന പ്രധാന ആവശ്യം, സമുദായത്തെ പട്ടിക ജാതിയായി പ്രഖ്യാപിക്കണമെന്നാണ്‌. അപ്രകാരം നടന്നാല്‍ ,കാര്യമായി തല പുകയ്ക്കാതെ, ഉയര്‍ന്ന വിദ്യാഭ്യാസം , ജോലി..എന്നിവയെല്ലാം തരപ്പെടുത്താം എന്ന ചെറിയ ഒരു സന്തോഷവുമുണ്ടായിരുന്നു.

ആത്മമിത്രം ജഗദീഷ്‌ (http://www.facebook.com/vvjagadeesh ) ആണ്‌ എന്നെ ആദ്യം വിമര്‍ശിച്ചത്‌. ഔദാര്യമല്ല, അദ്ധ്വാനമാവണം നമ്മളെ നയിക്കേണ്ടത്‌ എന്നര്‍ത്ഥം വരുന്ന ഒരു മഹാശ്ളോകം അവന്‍ ചൊല്ലി.പിന്നെ തെറി കൊണ്ട്‌ ഒരു വെടിക്കെട്ടും നടത്തി. അവന്‌ പ്രായോഗികമായി ചിന്തിക്കാനറിയാത്തത്‌ കൊണ്ടാണെന്ന്‌ ഞാന്‍ സമാധാനിച്ചു.

എന്‌റെ സമുദായ ചിന്തയും, അതിലുപരി അതിനുള്ള പ്രേരണയും പെറ്റ തള്ള സഹിക്കില്ലെന്ന്‌ അവന്‍ പറഞ്ഞിരുന്നു.

തള്ള മാത്രമല്ല, തന്തയും, ചേട്ടന്‍മാരും, ആരും സഹിച്ചില്ല.

അച്ഛന്‌ ആയുര്‍വ്വേദം, സംസ്കൃതം,സാഹിത്യം,രാഷ്ട്രിയം,മനഃശാസ്ത്രം എന്നീ വിഷയങ്ങളിലെല്ലാം താത്പര്യമാണ്‌. അതിബുദ്ധി പ്രായോഗികമായ ചിന്തക്ക്‌ തടസ്സം നില്‍ക്കും .അത്‌ കൊണ്ട്‌ അച്ഛന്‍ പറയുന്നത്‌ പരിഗണിക്കേണ്ടതില്ല. മറ്റുള്ളവര്‍ക്കാണെങ്കില്‍ ബുദ്ധി കുറവും.അവരേയും ശ്രദ്ധിക്കേണ്ട.ഞാന്‍ സമുദായത്തെ രക്ഷിച്ചേ അടങ്ങൂ എന്ന ഉറച്ച തീരുമാനമെടുത്തു.

ഒരു ദിവസം അച്ഛന്‍ ഞാന്‍ കേള്‍ക്കെ പറഞ്ഞു, "സമുദായ സഖ്യത്തിന്‌റെ പ്രവര്‍ത്തനത്തെയൊ ഉദ്ദേശ്യങ്ങളെയോ ഞാന്‍ എതിര്‍ക്കുന്നില്ല.പക്ഷെ, ഒരു തണ്ടാന്‌റെ അവകാശങ്ങള്‍ ചോദിച്ച്‌ മേടിക്കുന്നതിന്‌ മുന്‍പ്‌ ഒരു തണ്ടാനാവുക. കള്ള്‌ ചെത്താന്‍ പഠിക്കുക. ഒരു ദിവസം ഇരുപത്തിനാല്‌ പന, നെഞ്ച്‌ മുട്ടാതെ കയറിയിറങ്ങുന്നവനാണ്‌ തണ്ടാന്‍. "

ബോംബ്‌!!!

ഈശ്വരാ, അങ്ങിനേയുമുണ്ടോ(കമ്മ്യൂണിസം സമുദായ പ്രവര്‍ത്തനത്തെ പിന്താങ്ങുന്നില്ല.തിരിച്ചും.അത്‌ കൊണ്ട്‌ ഈശ്വരനെയൊക്കെ വിളിക്കാം)..

പതുക്കെ ചെന്നു, ഒരു തെങ്ങില്‍ ട്രയല്‍ ചെയ്തു നോക്കി.
ബര്‍മുഡ പ്രധിഷേധിച്ച്‌ ആത്മഹത്യ ചെയ്തു.
തെങ്ങിന്‌റെ ഏറ്റവും താഴത്തെ ഭാഗം വണ്ണാം കൂടിയതിനാലാവും എന്നു കരുതി, ഒരു ഏണിവച്ച്‌ കുറച്ച്‌ മുകള്‍ ഭാഗത്തെത്തി വീണ്ടും ട്രൈ ചെയ്തു. നോ രക്ഷ!. തെങ്ങിനെ ശക്തിയില്‍ കെട്ടിപ്പിടിക്കുകയല്ലാതെ ,മുകളിലോട്ടു പോകാന്‍ യാതൊരു നിവൃത്തിയും കാണാനില്ല.ശ്രമം അവസാനിപ്പിച്ച്‌ പതുക്കെ വീട്ടിനുള്ളിലേക്ക്‌ കയറി.

ഇരുപത്തിനാല്‌ പന..അതും നെഞ്ചു മുട്ടാതെ.. വെറുതെ പറയുകയാവും. പിന്നേ...


സഖ്യത്തിലെ വല്യച്ഛനോട്‌ സത്യാവസ്ഥ തിരക്കി.. സംഗതി സത്യം തന്നെ. മൂപ്പര്‌ പണ്ട്‌ കേറീട്ടുണ്ട്‌ പോലും.. ബഡായി രാമന്‍!!

പിന്നെയും അറിയുന്നവരോടൊക്കെ അന്വേഷിച്ചു. ഒരാള്‍ക്കും എന്നെ സമാധാനിപ്പിക്കുന്ന മറുപടി തരാന്‍ കഴിയുന്നില്ല.അവരില്‍ മിക്കവാറും പേര്‍ക്ക്‌ പന കയറാന്‍ അറിയാം. ഞാന്‍ ധര്‍മ സങ്കടത്തിലായി.സാമുദായിക പ്രവര്‍ത്തനം നിര്‍ത്തിയാല്‍ എന്തൊക്കെ പുകിലാണ്‌. ബി ആര്‍ അംബേദ്കര്‍ പൊരുതിയത്‌ വെറുതെയാകുമോ? പട്ടിക ജാതി സര്‍ട്ടിഫിക്കറ്റ്‌, പഠനം, ജോലി... പക്ഷെ ഇരുപത്തിനാല്‌ പന കയറാതെ സഖ്യത്തിന്‌റെ പേര്‌ ഇനി വീട്ടില്‍ പറയാന്‍ പറ്റില്ല.കുറച്ചുകൂടി എളുപ്പം മെറിറ്റ്‌ സീറ്റ്‌ കിട്ടാനാണ്‌.


കുലത്തൊഴിലിനു വേണ്ടി പഠനം മാറ്റിവച്ചതു മൂലം കഷ്ടപ്പെടുന്നവര്‍ക്ക്‌ വേണമെങ്കില്‍ സര്‍ക്കാര്‍ മറ്റു രീതികളിലുള്ള സഹായങ്ങള്‍ ചെയ്യുന്നുണ്ടെന്ന്‌ ഞാന്‍ പിന്നീട്‌ അറിഞ്ഞു. അതു കൊണ്ട്‌ സഖ്യത്തിലെ മെമ്പര്‍ മാരെക്കണ്ട്‌ രാജി ബോധിപ്പിച്ചു.


" ഐ തിങ്ക്‌, അയാം അണ്ടര്‍ ക്വാളിഫൈഡ്‌" എന്നൊരു കാരണവും പറഞ്ഞു.
ഇന്നലെ, (ഡേറ്റും ആഴ്ച്ചയുമൊക്കെ ഈ നോട്ട്‌ പോസ്റ്റ്‌ ചെയ്ത തിയതി നോക്കി മനസ്സിലാക്കാന്‍ അഭ്യര്‍ത്ഥന) ഒരു പന കണ്ടപ്പൊ ഒരു മോഹം.സമുദായ ബോധവും ഞനും തമ്മില്‍ ഇപ്പോള്‍ തമ്മില്‍ കാണാത്തത്ര അകലെയാണ്‌. എന്നാലും പനയല്ലെ,കൈകാലല്ലേ? വീണ്ടും ട്രൈ ചെയ്തു.. ഇപ്പൊ വലിയ മാറ്റമൊന്നുമില്ല. നമ്മള്‌ പഴേ ആളെന്നെ.
"നിനക്ക്‌ മാത്രം ഒരു മാറ്റവുമി"ല്ലെന്നു എന്നോട്‌ അല്ലെങ്കിലും എല്ലാവരും പറയാറുണ്ട്‌.

1 comment: