Sunday, May 1, 2011

"ഝ" യുടെ ബാക്കി പത്രം


ഒരു ഡൌട്ട്‌ എന്ന എന്‌റെ "മഹാ" കൃതി വമ്പിച്ച പ്രതികരണമാണുണ്ടാക്കിയത്‌.
ഭാഷാപ്രേമികള്‍ മാന്യന്‍മാരായതു കൊണ്ട്‌ അവര്‍ നോട്ടിനടിയില്‍ ക്മന്‌റ്‌ ഇടുന്നതിനു പകരം മെസേജ്‌ അയക്കുകയാണുണ്ടായത്‌.
അവ പബ്ളിഷ്‌ ചെയ്താല്‍ എന്‌റെ അക്കൌണ്ട്‌ അബ്യൂസ്‌ ചെയ്യപ്പെടും എന്നതിനാല്‍ വലിയ സാഹസങ്ങള്‍ക്ക്‌ മുതിരുന്നില്ല.
എങ്കിലും പ്രസിദ്ധീകരണ യോഗ്യവും രസകരവും എന്ന്‌ എനിക്കു തോന്നിയവ (നിങ്ങള്‍ക്ക്‌ തോന്നിയില്ലെങ്കില്‍ എനിക്കു പുല്ലാണ്‌) ചുവടെ ചേര്‍ക്കുന്നു.

1) രമ്യ സുനില്‍ (ശിഷ്യ):

"സര്‍, ഝാന്‍സി റാണി എന്ന്‌ എഴുതാന്‍ 'ഝ' വേണ്ടേ?"

ഞാന്‍: ശരിയാണ്‌. പക്ഷെ ഝാന്‍സി എന്നത്‌ മലയാളമല്ലല്ലൊ. അന്യഭാഷയിലെ വാക്കുകള്‍ എഴുതുമ്പോള്‍ നമ്മള്‍ നമ്മുടെ അക്ഷരങ്ങള്‍ വച്ച്‌ അഡ്ജസ്റ്റ്‌ ചെയ്യാറില്ലെ? ഉദാഹരണത്തിന്‌, "zoo"എന്ന വാക്കിന്‌ നമ്മള്‍ സൂ എന്നെഴുതാറില്ലെ? അതിന്‌റെ ഉച്ഛാരണം അങ്ങനെയല്ലല്ലൊ? അത്‌ പോലെ നമുക്കു ജാന്‍സി റാണി എന്നെഴുതി ആശ്വസിച്ചൂടെ?

2)മൊയ്ദീന്‍ കുട്ടി ഫ്രം മുളയങ്കാവ്‌ (സുഹൃത്ത്‌):

"ആ വാക്ക്‌ ഒരു എടങ്ങേറ്‌ തന്നെ. അത്‌ ഒന്നു ഉപയോഗിച്ച്‌ നോക്കാനുള്ള കൊതിപ്പുറത്ത്‌ ഞാന്‍ ഇന്നു രാവിലെ വീട്ടില്‍ വന്ന മീന്‍ കാരനോട്‌ 'ഇന്ന്‌ എന്ത്‌ ഝഷമാണുള്ള' തെന്ന്‌ ചോദിച്ചു.
'നിങ്ങള്‍ക്ക്‌ ഇനി മീന്‍ വില്‍ക്കില്ലെ'ന്ന്‌ പറഞ്ഞ്‌ അയാള്‍ പിണങ്ങിപ്പോയി.
പ്രിയപ്പെട്ട സുഹൃത്തേ, അയാള്‍ കേട്ടത്‌ 'വിഷം' എന്നാണെന്ന്‌ തോന്നുന്നു.
തീര്‍ച്ചയായും ആ അക്ഷരം എടുത്ത്‌ കളയേണ്ടത്‌ തന്നെയെന്ന്‌ എനിക്കും തോന്നുന്നു.


3)
ഝ എന്ന്‌ എഴുതാനുള്ള ബുദ്ധിമുട്ടുമൂലം ടീച്ചറുടെ തല്ലു കൊള്ളേണ്ടിവന്ന ഒരു സുഹൃത്തും പ്രതികരിച്ചവരുടെ കൂട്ടത്തിലൂണ്ടായിരുന്നു. അയാള്‍ ഇന്നു അതിപ്രശസ്തനായ ഒരു മലയാളസാഹിത്യകാരനായി മാറിയതിനാല്‍, അയാളുടെ പേര്‌ ഇവിടെ പറയുന്നില്ല.ഝ എന്നെഴുതുമ്പോള്‍ 'ത' കഴിഞ്ഞിട്ടു കുറേ മേലോടുള്ള വളവുകള്‍ ഉണ്ടെന്നറിയാമെങ്കിലും അവയുടെ എണ്ണം ക്രിത്യമയി അറിയാതിരുന്നതാണു അങ്ങേര്‍ നേരിട്ടിരുന്ന മുഖ്യ പ്രശ്നം പോലും.


4) ഒരു സാമൂഹ്യ വിമര്‍ശകന്‍.

"ആവശ്യങ്ങളില്‍ കൂടുതല്‍ അനാവശ്യങ്ങളിലേക്ക്‌ ശ്രദ്ധ പതിപ്പിക്കുന്ന പ്രവണത യുവതലമുറക്കിടയില്‍ സംജാതമാണെങ്കിലും, അതിത്രക്ക്‌ രൂക്ഷമാണെന്നും, മതിഭ്രമാവസ്ഥയിലേക്ക്‌ അവരെ തള്ളിവിടാന്‍ പ്രാപ്തമാണെന്നും തിരിച്ചറിയാന്‍ സഹായിച്ചതിന്‌ നന്ദി"

ഞാന്‍: "സര്‍, ഝഷം എന്നു ഞാന്‍ എഴുതുകയും വായിക്കുകയും ചെയ്തോളാം. അതൊക്കെ എത്രയോ എളുപ്പമാണ്‌"

5)ഒരു വിദേശരാഷ്ട്രത്തലവന്‍:

" താങ്കളുടെ രാഷ്ട്രത്തോടും സംസ്കാരത്തോടും ഞങ്ങള്‍ക്ക്‌ വളരെയധികം ബഹുമാനമുണ്ട്‌. എങ്കിലും താങ്ങളുടെ ലേഖനം വയിച്ചതിനു ശേഷം ഭാരതവുമായുള്ള സൌഹൃദ ചര്‍ച്ചകള്‍ ദീര്‍ഘ കാലത്തേക്കു മാറ്റി വെക്കുന്നതിനെപ്പറ്റി ആലോചിക്കുകയാണ്‌.

" ഞാന്‍: നന്നായി സര്‍, അല്ലെങ്കില്‍ത്തന്നെ നിങ്ങള്‍ ഇവിടെ വന്നു ചര്‍ച്ച നടത്തിയിട്ടു പ്രത്യേകിച്ചു കാര്യമൊന്നുമില്ല.
വരും, ഞങ്ങടെ പ്രധാനമന്ത്രിയെ കെട്ടിപ്പിടിക്കും, പോകും..
ഇതിനിടയില്‍ നാല്‌ കൊച്ച്‌ വര്‍ത്തമാനം രണ്ട്‌ പ്രസംഗം. ഇതല്ലേ സൌഹൃദ ചര്‍ച്ച? ഞാനങ്ങ്‌ സഹിച്ചു. അല്ല പിന്നെ.എന്‌റെ ലേഖനം കൊണ്ട്‌ ഒരു ഉപകാരമായെന്നു വിചാരിക്കും".


( സത്യത്തില്‍, ഇതില്‍ കൂടുതല്‍ ഉണ്ട്‌, പക്ഷെ അതൊന്നും ഇവിടെ എഴുതാന്‍ പറ്റില്ലാത്തത്കൊണ്ട്‌ മാത്രം ഒഴിവാക്കുന്നു)

No comments:

Post a Comment