Tuesday, April 26, 2011

നൊസ്റ്റാള്‍ജിയ


കാലില്‍ തറഞ്ഞ മുള്ളുകള്‍

അച്ഛന്‍ പറിച്ചെറിഞ്ഞില്ല.

കഴുത്തില്‍ കുടുങ്ങിയ നാരുകള്‍

അമ്മ കുടഞ്ഞെറിഞ്ഞില്ല.

അവ മടഞ്ഞെടുത്താണ്‌

അവരെനിക്ക്‌ കൂട്‌ കെട്ടിത്തന്നത്‌.

ഹര്‍മ്മ്യങ്ങള്‍ തേടിയുള്ള യാത്രകള്‍ക്കിടയില്‍

എന്‌റെ കാലിലും മുള്ളു തറഞ്ഞു.

സുഷുപ്തി, ഒരു മികച്ച ഭാവനയെന്ന്‌

പത്രാസിന്‌റെ ഊരാക്കുടുക്കുകള്‍ പറഞ്ഞു.

ഒടുവില്‍,

എനിക്കു വേണ്ടി പണിത കൂട്ടിലേക്ക്‌ മടങ്ങുമ്പോള്‍,

ഒരു വിരുന്നുകാരന്‌റെ ജാള്യതയായിരുന്നു.

"എന്തേ തിരിച്ചു വന്നു?"

എന്നവര്‍ ചോദിച്ചില്ല.

എങ്കിലും ഞാന്‍ ഉറക്കെ വിളിച്ചു പറഞ്ഞു,

"ഗൃഹാതുരത്വം, ഗൃഹാതുരത്വം"

No comments:

Post a Comment